തലയോലപ്പറമ്പ്: കാർഷിക മേഖലയുടെ പുരോഗതിക്കും പടിഞ്ഞാറൻ മേഖലയെ വെള്ളപ്പൊക്ക കെടുതികളിൽ നിന്ന് സംരക്ഷിക്കുന്നതിനും നീരൊഴുക്ക് നിലച്ച ജലാശങ്ങളെ വീണ്ടെടുക്കുന്ന പദ്ധതിക്കായി ത്രിതല പഞ്ചായത്തുകൾ ഒരുമിക്കുന്നു.
മുവാറ്റുപുഴയാർ, കരിയാർ എന്നിവയുമായി ബന്ധപെട്ട ജലാശയങ്ങൾ ആഴം കൂട്ടി നീരൊഴുക്ക് ശക്തിപ്പെടുത്തി പാടശേഖരങ്ങൾക്ക്എട്ടു കിലോമീറ്ററോളം ദൂരം പുറംബണ്ട് നിർമിച്ചാൽ കാർഷിക മേഖലയിൽ രണ്ട് കൃഷി ഉറപ്പാക്കി കർഷകരുടെ വരുമാനം വർധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
പതിറ്റാണ്ടുകളായി വടയാർ മേഖലയിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനുകൂടിയാണ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കേന്ദ്രാവിഷ്കൃത പദ്ധതിക്കായി ശ്രമം നടത്തുന്നത്. 50 കോടിരൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെയും ഫ്രാൻസിസ് ജോർജ് എംപിയുടേയും സഹകരണത്തോടെയാണ് പദ്ധതി ആലോചിക്കുന്നത്. ഇതിനായി തലയോലപ്പറമ്പ് പഞ്ചായത്തും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും പൂർണ പിന്തുണ നൽകികഴിഞ്ഞു.
മുവാറ്റുപുഴയാറിൽ നിന്ന് ആരംഭിച്ച് കരിയാറിൽ സംഗമിക്കുന്ന കുറുന്തറപുഴയും ചന്തത്തോടുമാണ് തലയോലപ്പറമ്പിലെ കാർഷിക മേഖലയിൽ ശുദ്ധജലമെത്തിക്കുന്നത്. ഈ ജലാശയങ്ങളിലൂടെ ശുദ്ധജലം കൃഷിയിടത്തിൽ എത്താത്ത സ്ഥിതിയാണ് നിലവിൽ.
ജലാശയങ്ങളുടെ നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനൊപ്പം തലയോലപ്പറമ്പിലെ നെൽകൃഷിയുടെ പുരോഗതിക്കായി എട്ട് കിലോമീറ്ററോളം ദൂരം പാടശേഖരത്തിന്റെ പുറംബണ്ടും തീർത്താൽ 1750 മുതൽ 2500 ഏക്കർ വരെ രണ്ടുതവണ നെൽകൃഷി ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കുറുന്തറ പുഴയുടെ നാശം നാടിനാകെ തിരിച്ചടിയായി
കുറുന്തറപുഴ മാലിന്യം നിറഞ്ഞ് നീരൊഴുക്കുനിലച്ചതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി. കെവി കനാലിൽ നിന്നാരംഭിച്ച് തലയോലപ്പറമ്പിന്റെ പടിഞ്ഞാറൻ മേഖലയായ കോരിക്കൽ ഭാഗത്ത് കൂടി ഒഴുകി കെവി കനാലിൽ തന്നെ സംഗമിക്കുന്ന കുറുന്തറ പുഴയ്ക്ക് മുന്നു കിലോമീറ്ററോളം ദൈർഘ്യം വരും.
കഴിഞ്ഞ 25 വർഷത്തിനിടയിൽ കുറുന്തറപുഴയെ ഒഴുക്കാൻ സർക്കാർ വിനിയോഗിച്ചത് കോടികളാണ്. പുഴയിലെ മാലിന്യം വെള്ളം വറ്റിച്ച് ആഴത്തിൽ കോരി നീക്കാതെയുള്ള വഴിപാട് ശുചീകരണങ്ങൾ പൊതുപണം പാഴാക്കാനെ ഉപകരിച്ചുള്ളു.